ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു.
പ്രതികള്‍ക്കെതിരെ വിചാരണ തുടങ്ങുന്നതിന് മുന്‍പുതന്നെ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട കെജ്‌രിവാള്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതിനോ പ്രതികള്‍ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ആയിരത്തോളം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും, പ്രതികള്‍ക്കെതിരെ വിശ്വസനീയമായ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച 1000 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി കെജ്രിവാളിനും എഎപിക്കുമെതിരെ ഏറ്റവും വലിയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. വിചാരണ കോടതിയുടെ ഈ വിധി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.
