ടൊറന്റോ: കുട്ടികളിലെ ഹൃദയാരോഗ്യം മുൻനിർത്തി നിർണായകമായ പുതിയ മാർഗനിർദ്ദേശങ്ങളുമായി കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി. രണ്ടു വയസ്സിനും പത്തുവയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും കൊളസ്‌ട്രോൾ പരിശോധന നടത്ത ണമെന്ന് സൊസൈറ്റി ശുപാർശ ചെയ്തു. മുതിർന്നവരിൽ ഹൃദയാഘാതത്തിനും പക്ഷാ ഘാതത്തിനും കാരണമാകുന്ന ‘അതെറോസ്‌ക്ലിറോസിസ്’ (ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്) കുട്ടിക്കാലം മുതലേ തുടങ്ങുന്നു എന്ന കണ്ടെത്തലിനെ തുടർ ന്നാണിത്. 300-ൽ ഒരാൾക്ക് കുടുംബപരമായി ലഭിക്കുന്ന ഉയർന്ന കൊളസ്‌ട്രോൾ (Familial Hypercholesterolemia – FH) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താൻ സാധിക്കൂ. ജീവിതശൈലീ മാറ്റങ്ങൾ കൊണ്ടുമാത്രം മാറാത്ത ഉയർന്ന കൊളസ്‌ട്രോൾ ഉള്ള കുട്ടികൾക്ക് 8 വയസ്സ് മുതൽ മരുന്നുകൾ നൽകി തുടങ്ങാം. ഇത് മുതിർന്ന പ്രായത്തിലുണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ഹൃദയരോഗങ്ങളെ 95% വരെ തടയാൻ സഹായിക്കും. കുട്ടി മറ്റെന്തെങ്കിലും ആവശ്യത്തിനായി രക്തപരിശോധന നടത്തുമ്പോൾ ഈ പരിശോധന കൂടി ഉൾപ്പെടുത്താമെന്നാണ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. മൈക്കൽ ഖൗറിയുടെ നിർദ്ദേശം. നിലവിൽ അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് 9 മുതൽ 11 വയസ്സുവരെയുള്ളവർക്കാണ് ഈ പരിശോധന.

എന്നാൽ അപകടസാധ്യത മുൻനിറുത്തിയാണ് രണ്ടുവയസു മുതൽ തന്നെ ഈ പരിശോധന വേണമെന്ന നിർദ്ദേശം ഇപ്പോൾ പുറത്തുവന്നത്. ജനിതകമായ കാരണങ്ങളാൽ കൊളസ്‌ട്രോൾ കൂടുന്ന കുട്ടികളിൽ അത് കണ്ടെത്താതെ പോകുന്നത് ഭാവിയിൽ 30-കളിലും 40-കളിലും ഹൃദയാഘാതം വരാൻ കാരണമായേക്കാ മെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇന്ന് കുട്ടികളെ ചികിത്സിക്കുന്നത്, അവന്റെ 30-ഉം 40-ഉം വയസ്സിലെ ആരോഗ്യം മുൻകൂട്ടി കണ്ടുകൊണ്ടാണ്ടെന്നും ഡോ. മൈക്കൽ ഖൗറി വ്യക്തമാക്കി. രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ (LDL) കുറയ്ക്കുന്നതിലൂടെ കുട്ടികളുടെ ഭാവി ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ ഈ പുതിയ പ്ലാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.
