ടെൽഅവീവ് : ഇസ്രയേൽ ഇറാനെ ആക്രമിച്ചതായി റിപ്പോർട്ട്. പിന്നാലെ രാജ്യമെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് അറിയിച്ചു. അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആണവനിർവ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാൻ ബന്ധം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ സംഭവ വികാസങ്ങൾ.

ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുർ സ്ട്രീറ്റിന് സമീപത്തുനിന്ന് കനത്തപുക ഉയരുന്നതായും വിവരമുണ്ട്. ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതാണെന്നും ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.
