കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധഭീഷണിയെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയും വിവിധ രാജ്യങ്ങൾ വ്യോമപാതകൾ അടയ്ക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇസ്രയേലും ഇറാഖും തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചതോടെ മേഖലയിലെ വ്യോമഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ, റഷ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ട്.

ലുഫ്താൻസ, വിസ് എയർ, കെഎൽഎം തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികൾ ദുബായ്, അബുദാബി, ടെൽ അവീവ്, ബെയ്റൂട്ട്, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ അടിയന്തരമായി റദ്ദാക്കി. വിസ് എയർ മാർച്ച് 7 വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. ഒമാൻ എയർ ബാഗ്ദാദിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
