Sunday, March 1, 2026

‘ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണം’; നിലപാട് വ്യക്തമാക്കി അനിത ആനന്ദ്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ കാനഡയുടെ പങ്കാളിത്ത രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി അനിത ആനന്ദ്. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച മന്ത്രി, ഇറാന്റെ പ്രകോപനങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കുന്ന യുഎഇയ്ക്കൊപ്പം കാനഡ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അനിത ആനന്ദിന്റെ പ്രതികരണം വന്നത്.

ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മാർക്ക് കാർണിയോടൊപ്പം മുംബൈയിലാണ് അനിത ആനന്ദ് ഇപ്പോഴുള്ളത്. ഇറാനിലെ യുഎസ് നടപടികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കാനഡ ഈ യുദ്ധത്തിൽ നേരിട്ട് ഇടപെടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇറാനെ മേഖലയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടമായി വിശേഷിപ്പിച്ച അദ്ദേഹം, ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാർണി ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

അതേസമയം, യുഎസ് ആക്രമണത്തെ പിന്തുണയ്ക്കുന്നത് കാനഡയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രതിസന്ധിയിലായ ഇറാൻ ഭരണകൂടം സൈബർ ആക്രമണങ്ങളിലൂടെയോ വിദേശത്തുള്ള വിമതരെ ലക്ഷ്യം വെച്ചോ തിരിച്ചടിച്ചേക്കാം. മേഖലയിലുള്ള കനേഡിയൻ പൗരന്മാരോട് സുരക്ഷിതമായി ഇരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര മാറ്റങ്ങളും യുദ്ധസാഹചര്യവും വരും ദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!