ഓട്ടവ: ആഗോളതലത്തിൽ കോഫി വിലയിലുണ്ടായ അമിതമായ വർധനവിനെത്തുടർന്ന് പ്രതിസന്ധിയിലായ കാനഡയിലെ കോഫി വ്യവസായത്തിന് വരും മാസങ്ങളിൽ ആശ്വാസമുണ്ടാകുമെന്ന് റിപ്പോർട്ട്. 2020-ന് ശേഷം കോഫി വില ഏകദേശം ഇരട്ടിയായി വർധിച്ചിരുന്നു. പ്രധാന ഉൽപ്പാദന രാജ്യങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് ഈ വിലക്കയറ്റത്തിന് കാരണമായത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില്ലറ വിപണിയിൽ കോഫി വിലയിൽ 30% വർധനവാണുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ ഉൽപ്പാദകരായ ബ്രസീലിൽ ഇത്തവണ റെക്കോർഡ് വിളവെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ വരും മാസങ്ങളിൽ കോഫി വില കുറയാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ ഉൽപ്പാദനം 4% വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം സൂപ്പർമാർക്കറ്റുകളിൽ നിന്ന് കോഫി പൊടി വാങ്ങുന്നവർക്ക് ഉടൻ ലഭിച്ചു തുടങ്ങും.

എന്നാൽ കോഫി ഷോപ്പുകളിലെ മെനു നിരക്കിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ല. പാൽ, പഞ്ചസാര, പാക്കേജിങ് എന്നിവയുടെ വിലക്കയറ്റം കാരണം പല ഷോപ്പുകളും നിലവിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. എങ്കിലും വരാനിരിക്കുന്ന ഉൽപ്പാദന വർധന മൊത്തത്തിൽ വിപണിക്ക് ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
