ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ വന്‍തോതിലുള്ള മിസൈല്‍ ആക്രമണം ആരംഭിച്ചു. ഇസ്രായേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യം വെച്ച് ഇറാന്‍ നിരവധി മിസൈലുകള്‍ വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ഇസ്രായേലില്‍ 121 പേര്‍ക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. സൈനിക നിര്‍ദ്ദേശം വരുന്നത് വരെ ബങ്കറുകളില്‍ തന്നെ തുടരാന്‍ ഇസ്രായേല്‍ ഭരണകൂടം ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിസൈലുകള്‍ പ്രതിരോധിക്കാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
അതേസമയം, ഇറാന്റെ തിരിച്ചടി ഗള്‍ഫ് രാജ്യങ്ങളിലും വലിയ ആശങ്ക പരത്തിയിട്ടുണ്ട്. ദുബായില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈനില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഖത്തര്‍ തങ്ങളുടെ ദേശീയ സുരക്ഷാ മുന്നറിയിപ്പ് പുതുക്കി. ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. മേഖലയിലുടനീളം അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഖമനയിയെ വധിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ‘ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു’ എന്ന് കുറിച്ചുകൊണ്ടാണ് ഖമനയിയുടെ മരണം സ്ഥിരീകരിച്ചത്. ഖമനയിയുടെ മകള്‍, മരുമകന്‍, കൊച്ചുമകള്‍ എന്നിവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്ന ഖമനയിയുടെ കൊലപാതകം മിഡില്‍ ഈസ്റ്റില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
