Sunday, March 1, 2026

ഖത്തറില്‍ അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ദോഹ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്കായി അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി. നിലവിലുള്ള അനിശ്ചിതാവസ്ഥ മാറുന്നതുവരെ ജനങ്ങള്‍ വീടുകളിലോ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലോ തന്നെ തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുത്.

ബ്ലോക്കുകള്‍ക്കും ജനലുകള്‍ക്കും സമീപം നില്‍ക്കുന്നത് ഒഴിവാക്കണമെന്നും തുറന്ന സ്ഥലങ്ങളില്‍ പോകരുതെന്നും കര്‍ശനമായ നിര്‍ദ്ദേശമുണ്ട്. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാന്‍ തിരിച്ചടി ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഖത്തര്‍ ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്ന ഖമനയിയുടെ മരണം മിഡില്‍ ഈസ്റ്റില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ മേഖലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!