വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ്. സംയുക്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന്‍ ആസൂത്രിത നീക്കങ്ങളുമായി മുന്നോട്ടുവന്നാല്‍ ഇതുവരെ കാണാത്ത കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ സൈനിക നീക്കങ്ങളില്‍ നിന്ന് ഇറാന്‍ പിന്മാറുന്നതാണ് അവര്‍ക്ക് നല്ലതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അവര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാം. നിലവില്‍ ഒന്നിനും ഇറങ്ങിത്തിരിക്കാതിരിക്കുന്നതാണ് നല്ലത്. അവരെന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടിവരും’. ട്രംപ് ഭീഷണിപ്പെടുത്തി.

അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വരാനിരിക്കുന്ന ഭീഷണികളെ മുന്‍കൂട്ടി തടയുന്നതിനുമാണ് ഇറാനില്‍ സൈനിക നടപടി സ്വീകരിച്ചതെന്ന് ട്രംപ് ന്യായീകരിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ ഖമനയി കൊല്ലപ്പെട്ടതോടെ മേഖലയില്‍ സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ വിക്ഷേപിക്കുകയും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയും ചെയ്തിരുന്നു.
