Monday, March 2, 2026

ഖമനയിയുടെ മരണത്തില്‍ പ്രതിഷേധം: പാക്കിസ്ഥാനില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഇസ്രയേല്‍-അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം രൂക്ഷം. കറാച്ചി, സ്‌കാര്‍ഡു, ലാഹോര്‍, ഇസ്ലാമാബാദ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം അക്രമാസക്തമായി. വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണമാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാക്കിയത്.

കറാച്ചിയില്‍ ഷിയാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ യുഎസ് കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് യുഎസ് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സുല്‍ത്താനാബാദില്‍ നിന്ന് മായ് കൊളാച്ചി വഴി കോണ്‍സുലേറ്റിലേക്ക് നീങ്ങിയ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് എംടി ഖാന്‍ റോഡും മായ് കൊളാച്ചി റോഡും പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.

കറാച്ചിക്ക് പുറമെ സ്‌കാര്‍ഡുവിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. ഇവിടെ യുഎസ് ഓഫീസിന് പ്രതിഷേധക്കാര്‍ തീയിട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് പേര്‍ക്കും ജീവന്‍ നഷ്ടമായി. ലാഹോറിലും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത അസ്വസ്ഥതയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!