ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായി
ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുല്ലയുടെ പാര്‍ലമെന്ററി വിഭാഗം തലവന്‍ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു. തെക്കന്‍ ലബനനില്‍ ഹിസ്ബുല്ലയുടെ അവശേഷിക്കുന്ന പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ലബനന് തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കന്‍ മേഖലകളിലും നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലും തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 140-ലധികം പേര്‍ക്ക് പരിക്കേറ്റതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടന്ന ആക്രമണത്തില്‍ 20 പേരും തെക്കന്‍ ലെബനനില്‍ 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ഭീകരരെയും തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കമാന്‍ഡറെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഹിസ്ബുള്ളയുടെ പ്രധാന താവളമായ ദഹിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. മേഖലയിലുണ്ടാകുന്ന ഏത് തരം സംഘര്‍ഷങ്ങള്‍ക്കും ഹിസ്ബുള്ള മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി.

അയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പിന്നാലെ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഹൈഫയ്ക്ക് തെക്കുള്ള ഇസ്രായേല്‍ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഖമനയിയുടെ പാവനമായ രക്തത്തിന് പ്രതികാരമായും, ലെബനനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനും, ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായും ആണ് തങ്ങള്‍ റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതെന്ന് ഹിസ്ബുല്ല അവകാശപ്പെടുന്നു.
ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2024 നവംബറില്‍ ഇരുപക്ഷവും ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രയേലിന് നേരെ ഹിസ്ബുല്ല നടത്തുന്ന ആദ്യ ആക്രമണമായിരുന്നു.
