ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റ ശേഷം മാര്‍ക് കാര്‍ണി നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഹൈദരാബാദ് ഹൗസില്‍ രാവിലെ 10.45-ന് ആരംഭിച്ച നിര്‍ണ്ണായകമായ പ്രതിനിധിതല ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കൃഷി, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകള്‍ ഒപ്പിടാനും ഇരുനേതാക്കളും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിച്ച് സാമ്പത്തിക പങ്കാളിത്തം ശക്തമാക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 27-ന് മുംബൈയിലെത്തിയ മാര്‍ക് കാര്‍ണി, ഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. നയതന്ത്ര തലത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയൊരു അധ്യായത്തിന് ഈ സന്ദര്‍ശനം തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
