ടെഹ്റാന്‍: അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നീക്കം നടത്തിയെന്ന യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാന്‍. യുഎസുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പിന്നാലെ, ഒമാനി മധ്യസ്ഥര്‍ മുഖേന ലാരിജാനി ചര്‍ച്ചകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് അലി ലാരിജാനി പ്രതികരിച്ചത്. ഭ്രമാത്മകമായ സങ്കല്‍പ്പങ്ങളിലൂടെ പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ട ട്രംപ്, ഇപ്പോള്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം ‘ഇസ്രയേല്‍ ഫസ്റ്റ്’ എന്നായി മാറിയെന്നും ഇസ്രായേലിന്റെ അധികാരമോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ ട്രംപ് ബലികൊടുക്കുകയാണെന്നും ലാരിജാനി ആരോപിച്ചു. അമേരിക്കന്‍ സൈനികരും അവരുടെ കുടുംബങ്ങളും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ പ്രതിരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന് നേരെയും മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. എന്നാല്‍, ഖമനയിയുടെ വധത്തിന് ശേഷം മേഖലയില്‍ രൂപപ്പെട്ട കടുത്ത വിദ്വേഷത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന നിലപാടിലാണ് ഇറാന്‍ ഭരണകൂടം. സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമായ തലത്തിലേക്ക് നീങ്ങുകയാണെന്നാണ് ലാരിജാനിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
