കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഗൂഢാലോചനയെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചും അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാസു നല്കിയ മൊഴികളില്‍ വ്യക്തതയില്ലാത്തതിനെത്തുടര്‍ന്നാണ് ഈ നീക്കം. സ്വര്‍ണ്ണപ്പാളികളെ ഔദ്യോഗിക രേഖകളില്‍ ‘ചെമ്പ്’ എന്ന് തെറ്റായി രേഖപ്പെടുത്തിയതിനെക്കുറിച്ചും, ഈ മാറ്റം ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നതിനെക്കുറിച്ചും വാസുവില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സ്വര്‍ണ്ണപ്പാളികള്‍ പൂശിയതിന്റെ ബാക്കി സ്വര്‍ണ്ണം മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടപടിയെടുക്കാത്തത് അതീവ ഗുരുതരമായാണ് അന്വേഷണ സംഘം കാണുന്നത്. എന്‍. വാസുവും മറ്റ് പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള പ്രാഥമിക നടപടികള്‍ക്കും ഇ.ഡി തുടക്കം കുറിച്ചിട്ടുണ്ട്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധിക്ക് ശേഷം ഫെബ്രുവരി 11-നാണ് വാസുവിന് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.

അതേസമയം, തന്ത്രി കണ്ഠരര് രാജീവര് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകും. 41 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഫെബ്രുവരി 18-നാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിലെ ഗൂഢാലോചനയില്‍ തന്ത്രിയുടെ പങ്കും സാമ്പത്തിക ലാഭവും ഇ.ഡി പരിശോധിക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി പ്രതികള്‍ നടത്തിയ എല്ലാ സാമ്പത്തിക വിനിമയങ്ങളും ഇ.ഡി നിലവില്‍ നിരീക്ഷിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
