Wednesday, March 4, 2026

നോവസ്‌കോഷയിൽ ഒൻപതാംക്ലാസുകാരന് സ്‌കൂളിൽ ക്രൂരമർദ്ദനം; സുരക്ഷാവീഴ്ചയിൽ പ്രതിഷേധം

ഹാലിഫാക്സ്: നോവസ്കോഷയിലുള്ള ഐലൻഡ് വ്യൂ ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കൾ സ്കൂളിനുള്ളിൽ വെച്ച് 14 വയസ്സുകാരനായ സൈലാസ് ന്യൂകോംബിനെയാണ്‌ ക്രൂരമായി മർദ്ദിച്ചത്‌. കഴിഞ്ഞ ജനുവരി 16-നായിരുന്നു സംഭവം. സ്കൂളിലെ ഇടനാഴിയിലൂടെ നടന്നുപോവുകയായിരുന്ന സൈലാസിനെ യുവാക്കൾ തടഞ്ഞുനിർത്തി കഴുത്തിന് പിടിച്ചു തള്ളിയിട്ടു. തുടർന്ന് തലയ്ക്ക് പത്തിലധികം തവണ ഇടിക്കുകയും താഴെ വീണ കുട്ടിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ ഉടൻ തന്നെ ഐ.ഡബ്ല്യു.കെ (IWK) കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തും കഴുത്തിലും ചതവുകളുണ്ടാകുകയും ചെവിയിൽ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്‌തു.
സംഭവത്തിൽ എൻഫീൽഡ് സ്വദേശിയായ ബ്രൈസൺ മഗ്രാത്ത് (18) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തുക, തിരിച്ചറിയാതിരിക്കാൻ വേഷം മാറുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റൊരു വിദ്യാർത്ഥിയാണ് അക്രമികളെ സ്കൂളിനുള്ളിലേക്ക് പ്രവേശിക്കാൻ സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തി.

സ്കൂളിലെ പ്രധാന ഓഫീസിന് മുന്നിലൂടെ മുഖംമൂടി ധരിച്ച അക്രമികൾക്ക് എങ്ങനെ കടന്നുപോകാൻ കഴിഞ്ഞു എന്നതിൽ സൈലാസിന്റെ കുടുംബം കടുത്ത അമർഷം രേഖപ്പെടുത്തി. സ്കൂളുകൾ സുരക്ഷിതമാണ്‌ എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസം ആക്രമണത്തോടെ തകർന്നതായി സൈലാസിന്റെ അമ്മ റെബേക്ക ന്യൂകോംബ് പറഞ്ഞു. ഹാലിഫാക്സ് റീജിയണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (HRCE) സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. നിലവിൽ സ്കൂളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിനുള്ളിൽ ‘ഹുഡ്’ ധരിക്കുന്നത് നിരോധിക്കുകയും
എല്ലാ വാതിലുകളിലും അലാറം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു. ഇനി മുതൽ കുട്ടികളെ സ്കൂളിന്റെ പ്രധാന കവാടം വഴി മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ. ആറാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സൈലാസ് കഴിഞ്ഞ ദിവസമാണ് സ്കൂളിൽ തിരിച്ചെത്തിയത്. ശാരീരിക പരിക്കുകൾ മാറിയെങ്കിലും മാനസികമായ ആഘാതത്തിൽ നിന്ന് കുട്ടി മുക്തനായിട്ടില്ല. ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനായി ബോക്സിംഗ് പരിശീലനം ആരംഭിക്കാനാണ് സൈലാസിന്റെ തീരുമാനം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!