മൺട്രിയോൾ : ഫെബ്രുവരിയിൽ മൺട്രിയോൾ മേഖലയിലെ വീടുകളുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 3.2% കുറഞ്ഞതായി കെബെക്ക് റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. മൺട്രിയോൾ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിൽ ഫെബ്രുവരിയിൽ 3,930 വീടുകളുടെ വിൽപ്പനയാണ് നടന്നതെന്ന് കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 4,058 ആയിരുന്നു.

അതേസമയം നഗരത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വീടുകളുടെ വില വർധിച്ചു. ഒരു പ്ലെക്സിന്റെ ശരാശരി വില 7.6% വർധിച്ച് 850,000 ഡോളറായി. സിംഗിൾ ബെഡ്റൂം വീടിന്റെ ശരാശരി വില വർഷം തോറും 6.5% വർധിച്ച് 639,000 ഡോളർ ആയപ്പോൾ കോണ്ടോമിനിയത്തിന്റെ ശരാശരി വില 2.4% വർധിച്ച് 430,000 ഡോളറുമായി. അതേസമയം ഫെബ്രുവരിയിൽ പുതിയ ലിസ്റ്റിങ്ങുകൾ ആകെ 7,629 ആയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.3% വർധനവുണ്ടായപ്പോൾ, മൊത്തം ഇൻവെന്ററി 12.1% ഉയർന്ന് 18,695 യൂണിറ്റുകളായി.
