കൊളംബോ: ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ രണ്ടാമത്തെ കപ്പലിന്റെ പ്രവേശനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്ക. ബുധനാഴ്ചയാണ് ദ്വീപ് രാഷ്ട്രത്തിന്റെ തെക്കൻ തീരനഗരമായ ഗാലിന് സമീപം ഇറാൻ ഫ്രിഗേറ്റായ ‘ഐറിസ് ഡെന’ (IRIS Dena) അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്നത്. ഈ അപകടത്തിൽ മരിച്ച 80 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും ശ്രീലങ്കൻ അധികൃതർ സ്ഥിരീകരിച്ചു.
രണ്ടാമതൊരു ഇറാൻ കപ്പൽ കൂടി ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി തേടിയ വിവരം സർക്കാർ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ്സ പാർലമെന്റിനെ അറിയിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (EEZ) പുറത്താണ് ഈ കപ്പൽ നിലയുറപ്പിച്ചിരിക്കുന്നത്. കപ്പലിൽ ഉള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ജയതിസ്സ വ്യക്തമാക്കി.

അതേസമയം, രണ്ടാമത്തെ കപ്പൽ അടിയന്തര സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്ന വിലയിരുത്തലിലാണ് പ്രതിരോധ വിദഗ്ധർ. അമേരിക്കൻ നീക്കവും ഇറാനിയൻ കപ്പലുകളുടെ സാന്നിധ്യവും ശ്രീലങ്കയെ വലിയ നയതന്ത്ര പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ശ്രീലങ്കൻ നാവികസേനയുടെ നിലപാട് നിർണ്ണായകമാകും.
