Friday, March 6, 2026

“ആരാണ് മികച്ചവൻ? നിങ്ങളോ അതോ പെലെയോ?”വൈറ്റ് ഹൗസിൽ ട്രംപിന്റെ ചോദ്യം; പുഞ്ചിരിയോടെ ഫുട്‌ബോൾ മിശിഹ

വാഷിങ്ടൺ: ഫുട്ബോൾ ലോകത്തെ ‘ഗോട്ട്’ തർക്കത്തിന്റെ പെനാൽറ്റി ബോക്സിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വക ഒരു അപ്രതീക്ഷിത ലോങ് റേഞ്ചർ! എക്കാലത്തെയും വലിയ താരം ലയണൽ മെസ്സിയെ സാക്ഷിയാക്കി ട്രംപ് ചോദിച്ചു: ”ആരാണ്‌ മികച്ചവൻ? നിങ്ങളോ അതോ പെലെയോ’2025-ലെ എംഎൽഎസ് കപ്പ് ജേതാക്കളായ ഇന്റർ മയാമി ടീമിന് വൈറ്റ് ഹൗസ് നൽകിയ സ്വീകരണത്തി നിടെയായിരുന്നു നാടകീയമായ ഈ രംഗങ്ങൾ. ഫുട്‌ബാൾ മിശിഹ സാക്ഷാൽ മെസ്സി പതിവ് ശൈലിയിൽ വെറുമൊരു പുഞ്ചിരിയിൽ മൗനമായി നിന്നു.എഴുപതുകളിൽ ന്യൂയോർക്ക് കോസ്മോസിനായി പെലെ ബൂട്ടുകെട്ടുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ടെന്ന് ട്രംപ് അനുസ്മരിച്ചു. “എനിക്ക് പ്രായമായത് കൊണ്ട് ഞാൻ ഇത് പറയാൻ പാടുള്ളതല്ല, പക്ഷേ ഞാൻ പെലെയുടെ കളി കണ്ടിട്ടുണ്ട്. പെലെ അതിഗംഭീരനായിരുന്നു. പക്ഷേ, നിങ്ങൾ ഒരുപക്ഷേ പെലെയേക്കാൾ മികച്ചവനായിരിക്കാം,” മെസ്സിയെ നോക്കി ട്രംപ് പറഞ്ഞു. തുടർന്ന് സദസ്സിലുണ്ടായിരുന്ന സഹ താരങ്ങളോടും കാണികളോടുമായി ട്രംപ് ആ ചോദ്യം ആവർത്തിച്ചു: “പറയൂ, ആരാണ് കേമൻ? മെസ്സിയോ പെലെയോ?” അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ട്രംപിന് ഇന്റർ മയാമി ടീം സമ്മാനിച്ചത് 47-ാം നമ്പർ ആലേഖനം ചെയ്ത ടീമിന്റെ ഐക്കണിക് പിങ്ക് ജേഴ്സിയാണ്. വജ്രങ്ങൾ പതിപ്പിച്ച പിങ്ക് ഫുട്ബോൾ പ്രസിഡന്റിന് ഉപഹാരമായി നൽകി.

“പല വിദേശ താരങ്ങളും അമേരിക്കയിലേക്ക് വരാറുണ്ട്, പക്ഷേ എല്ലാവരും ഇവിടെ വിജയിക്കാറില്ല. മെസ്സി ഇവിടെ വന്നു, വിജയിച്ചു കാണിച്ചു,” ട്രംപ് പ്രശംസിച്ചു. തന്റെ മകൻ ബാരൺ ട്രംപ് ഇന്റർ മയാമിയുടെയും മെസ്സിയുടെയും വലിയ ആരാധകനാണെന്ന കാര്യവും അദ്ദേഹം ചടങ്ങിൽ എടുത്തുപറഞ്ഞു. ഇന്റർ മയാമിയെ സംബന്ധിച്ചിടത്തോളം റെക്കോർഡുകളുടെ വർഷമായിരുന്നു 2025. എംഎൽഎസ് കപ്പ്, ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ സ്വന്തമാക്കി. നേരത്തെ ജോ ബൈഡൻ ഭരണകൂടം മെസ്സിയെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് മെസ്സി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ, വൈറ്റ് ഹൗസിലെ മെസ്സിയുടെ ആദ്യ സന്ദർശനം ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ക്യൂബൻ അഭയാർത്ഥിയുടെ മകനായ ഇന്റർ മയാമി ഉടമ ജോർജ് മസ് നടത്തിയ പ്രസംഗം ചടങ്ങിൽ വൈകാരികമായ നിമിഷങ്ങൾ സമ്മാനിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!