അബുദാബി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ യുഎഇയിലെ പൗരന്മാർക്കും പ്രവാസികൾക്കും ഒപ്പമാണെന്ന് പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇയെ സ്വന്തം വീടായി കാണുന്നവരും ഈ മണ്ണിൽ അധ്വാനിക്കുന്നവരും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ജനങ്ങൾക്ക് സന്ദേശം നൽകിയത്. യു.എ.ഇയിൽ, ഈ മണ്ണിനെ സ്നേഹിക്കുകയും അതിന്റെ വളർച്ചയിൽ പങ്കാളികളാവുകയും ചെയ്യുന്ന ഓരോരുത്തരും ഇവിടുത്തെ പൗരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശികളടക്കമുള്ള താമസക്കാരുടെ സുരക്ഷയ്ക്കാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നത്. രാജ്യത്തെ സംരക്ഷിക്കാൻ സജ്ജരായി നിൽക്കുന്ന സായുധ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. ഏതൊരു ഭീഷണിയെയും നേരിടാൻ യുഎഇ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎഇയിൽ 3 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു 221 ബാലിസ്റ്റിക് മിസൈലുകളിൽ 205 എണ്ണം യുഎഇ തകർത്തു. 1,305 ഡ്രോണുകളിൽ 1,229 എണ്ണം ആകാശത്തുവെച്ച് തന്നെ നശിപ്പിക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഷെയ്ഖ് മുഹമ്മദ് നേരിട്ടെത്തി സന്ദർശിച്ചു. പരിക്കേറ്റവരുടെ കൈകൾ പിടിച്ചും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചും ഏറെനേരം അദ്ദേഹം ആശുപത്രിയിൽ ചെലവഴിച്ചു. “സായിദിന്റെ ഈ മണ്ണ് എന്നും ശക്തമായി നിലകൊള്ളും. ഐക്യത്തോടെയും കരുത്തോടെയും നാം മുന്നോട്ട് പോകും,” എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
