Saturday, March 7, 2026

വിനിപെഗ്‌ പൊലീസിന്‌ ജൂൺ മുതൽ ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ

വിനിപെഗ്: പൊലീസ് നടപടികളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിനിപെഗ് പൊലീസ് (WPS) ബോഡി ക്യാമറകൾ ഉപയോഗിക്കും. ജൂൺ മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ 40 പൊലീസ് ഉദ്യോ ഗസ്ഥർക്ക് ബോഡി ക്യാമറകൾ നൽകുമെന്ന് പൊലീസ് ചീഫ് ജീൻ ബോവേഴ്സ് അറിയിച്ചു. നിർണ്ണായകമായ സംഭവങ്ങൾ നടക്കുമ്പോൾ കൃത്യമായ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കുക വഴി അന്വേഷണം എളുപ്പമാക്കാനും പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഈ പരീക്ഷണ പദ്ധതിക്കായി നികുതി ദായകർക്ക് നിലവിൽ പണം ചെലവാകില്ല. ക്യാമറ വിതരണം ചെയ്യുന്ന കമ്പനി സൗജ ന്യമായാണ് ആദ്യ ഘട്ടത്തിൽ ഉപകരണങ്ങൾ നൽകുന്നത്. അതേ സമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡീപ് ഫേക്കുകളുടെയും കാലത്ത് വീഡിയോ ദൃശ്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് മാനിറ്റോബ സർവകലാശാലയിലെ നിയമ പ്രൊഫസർ ബ്രാൻഡൻ ട്രാസ്ക് നിർദ്ദേശിച്ചു.

വെള്ളിയാഴ്ച നടന്ന പൊലീസ് ബോർഡ് യോഗത്തിൽ 2025-ലെ നാലാം പാദ സാമ്പത്തിക റിപ്പോർട്ടും ചീഫ് സമർപ്പിച്ചു. 2024-ൽ ഓവർടൈം ഇനത്തിൽ ബജറ്റിനേക്കാൾ 8 ലക്ഷം ഡോളർ അധികം ചെലവായപ്പോൾ, 2025-ൽ ഇത് ബജറ്റിനേക്കാൾ 21 ലക്ഷം ഡോളർ കുറയ്ക്കാൻ സാധിച്ചത്‌ നേട്ടമായി. നഗരത്തിൽ കൊലപാതക കേസുകളുടെ എണ്ണം കുറഞ്ഞതാണ് ഓവർടൈം ചെലവ് കുറയാൻ പ്രധാന കാരണമായത്. കടകളിലെ മോഷണം തടയുന്നതിനും വലിയ പൊതുപരിപാടികൾക്കും പ്രതിഷേധങ്ങൾക്കും സുരക്ഷ നൽകുന്നതിനുമായി പ്രത്യേക റാപ്പിഡ്‌ റെസ്‌പോൺസ്‌ സേനയെ വിന്യസിക്കുമെന്നും ചീഫ് അറിയിച്ചു. വിനിപെഗ് പൊലീസ് ബോർഡിന്റെ അടുത്ത പൊതുയോഗം 2026 ജൂണിൽ നടക്കും. അപ്പോഴേക്കും ബോഡി ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!