റിയാദ്: അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ സൗദി അറേബ്യയില്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണം നടന്നത്. അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള പ്രമുഖ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ മേഖലയ്ക്ക് നേരെയുണ്ടായ ഭീഷണി അതീവ ഗൗരവത്തോടെയാണ് സൗദി പ്രതിരോധ മന്ത്രാലയം കാണുന്നത്.
ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ഏകദേശം 22 ഡ്രോണ്‍ ആക്രമണ ശ്രമങ്ങളാണ് സൗദിയെ ലക്ഷ്യമാക്കി ഉണ്ടായത്. ഇവയെല്ലാം തന്നെ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. എങ്കിലും, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിയാദില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച രാത്രി 11 മണിക്ക് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്‌ലൈനാസ് (Flynas) വിമാനവും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തീയതി മാറ്റുന്നതിനോ റീഫണ്ട് ചെയ്യുന്നതിനോ ഉള്ള സൗകര്യം വിമാനക്കമ്പനികള്‍ നല്‍കിയിട്ടുണ്ട്.

മേഖലയിലെ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ എണ്ണ കയറ്റുമതിയില്‍ സൗദി അരാംകോ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തി. ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള നീക്കം സുരക്ഷിതമല്ലാത്തതിനാല്‍, കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി ചെങ്കടല്‍ തീരത്തെ യാമ്പു (Yanbu) തുറമുഖം വഴി നടത്താനാണ് തീരുമാനം. ഈ മാറ്റം പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതിനും കാരണമായേക്കും. സുഹൃദ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രതിരോധം ശക്തമാക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
