തിരുവനന്തപുരം∙ വയനാട് ടൗൺഷിപ് വിവാദത്തിൽ സൈബർ ആക്രമണം നേരിടേണ്ടിവന്ന നടൻ മമ്മൂട്ടിയോടു ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെ അപമാനിക്കാൻ പാടില്ലായിരുന്നെന്നും സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും ക്ഷണിക്കാതെ അവിടെ എത്തിയവരിൽ ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന് വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നെന്നും തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ പങ്കെടുത്തു മുഖ്യമന്ത്രി വ്യക്തമാക്കി. ‘മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല അവിടം സന്ദർശിച്ചത്. അദ്ദേഹത്തിനു അവിടെ എത്തണമെന്ന് തോന്നി. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊളളുന്ന വ്യക്തികളിൽ പ്രധാനിയായ ഒരാളാണ് മമ്മൂട്ടി. ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെഴകുന്നുണ്ട്. ചെന്നൈയിൽനിന്നു പുലർച്ചെ കോഴിക്കോട് എത്തി അവിടെനിന്ന് അദ്ദേഹം വയനാട്ടിലേക്കു പോകുകയായിരുന്നു. ടൗൺഷിപ് കാണാനുള്ള നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തിയത്. വീടുകൾ സന്ദർശിക്കുന്ന ഘട്ടത്തിൽ അവിടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ വിശദീകരിച്ചു നൽകി.

അവിടെ കാര്യങ്ങളിൽ നല്ല നിലയ്ക്ക് ഇടപെടുന്ന ആളാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. റഫീഖും മമ്മൂട്ടിയുടെ കൂടി പോയി. ആരെയും അറിയിച്ചുള്ള യാത്ര അല്ലാത്തതിനാൽ സ്വാഭാവികമായാണ് റഫീഖിനോട്, നിങ്ങൾ ക്ഷണിച്ചിട്ടല്ല ഞാൻ വന്നതെന്നും നിങ്ങൾ എപ്പോഴും എന്റെ കൂടെ നടന്നാൽ അങ്ങനെ ചിത്രീകരിക്കപ്പെടില്ലേ എന്നും പറഞ്ഞത്. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്ന നിലയുണ്ട്. അതിന് അവസരം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടോ എന്നാവും മമ്മൂട്ടി ഉദ്ദേശിച്ചിട്ടുണ്ടാകുക. തീർത്തും വ്യക്തിപരമായി പറഞ്ഞ കാര്യമാണ്. പക്ഷേ നമ്മുടെ നാട്ടിൽ ക്യാമറയെ ശരീരത്തിൽ വച്ചു നടക്കുന്ന നിരവധി ആളുകളുണ്ട്. അതുവഴിയാണ് മമ്മൂട്ടി പറഞ്ഞതു പുറത്തുവന്നത്. ചിലർ അതു വലിയ വിവാദമാക്കി. ജില്ലാ സെക്രട്ടറിയെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നിങ്ങനെയാണ് പ്രചരിച്ചത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയതോതിലുള്ള ആക്രമണമുണ്ടായത്. അത് തികച്ചും ദൗർഭാഗ്യകരമാണ്. അദ്ദേഹത്തിനു വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
