Tuesday, March 10, 2026

തുര്‍ക്കിക്ക് നേരെ വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം; ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാന്‍

അങ്കാറ: തുര്‍ക്കിക്ക് നേരെ വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം. തിങ്കളാഴ്ച തുര്‍ക്കിയിലെ ഷാഹിന്‍ബെ ജില്ലയെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. പത്ത് ദിവസത്തിനിടെ തുര്‍ക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈല്‍ ആക്രമണമാണിത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആള്‍നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അദാനയിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും ജീവനക്കാരോട് രാജ്യം വിടാനും അമേരിക്ക നിര്‍ദ്ദേശം നല്‍കി.

സംഭവത്തെത്തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഫോണില്‍ സംസാരിച്ചു. വ്യോമാതിര്‍ത്തി ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം നീക്കങ്ങള്‍ മേഖലയിലെ ഒരു രാജ്യത്തിനും ഗുണകരമല്ലെന്നും എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, തങ്ങള്‍ തുര്‍ക്കിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ വാദം. മിസൈല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ‘സംയുക്ത സംഘം’ രൂപീകരിക്കാന്‍ തയ്യാറാണെന്ന് പെസെഷ്‌കിയന്‍ അറിയിച്ചു. നിലവില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അമേരിക്കയുമായി ദീര്‍ഘകാല യുദ്ധത്തിന് സജ്ജമാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇറാന്റെ വിദേശനയ ഉപദേഷ്ടാവ് കമാല്‍ ഖരാസി ആവശ്യപ്പെട്ടു. യുദ്ധം മൂലം ആഗോള എണ്ണവിപണിയിലുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!