കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കും. ദേശീയപാത 66-ന്റെ (NH 66) ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് പരിപാടി ബഹിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം.
തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതകളുടെ ഉദ്ഘാടനമാണ് കൊച്ചിയില്‍ നടക്കുന്നത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് ചില മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ടെങ്കിലും നോഡല്‍ ഏജന്‍സിയായ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മുന്‍ കേന്ദ്രസഹമന്ത്രി എന്ന നിലയില്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ (കടമെടുപ്പ് പരിധി കൂടി കണക്കാക്കിയാല്‍ 12,000 കോടി രൂപ) അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. വികസന നേട്ടങ്ങള്‍ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണിതെന്നും, ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി കെ.വി. തോമസും കേന്ദ്ര സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
