ടൊറന്റോ: നോർത്ത് യോർക്കിലെ ഗ്ലെൻഡോറ അവന്യൂവിലുള്ള വസതിയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. സംഭവത്തിൽ പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു. യോങ് സ്ട്രീറ്റിനും ഷെപ്പാർഡ് അവന്യൂവിനും സമീപമുള്ള 114 ഗ്ലെൻഡോറ അവന്യൂവിൽ പുലർച്ചെ 3:40 ഓടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയപ്പോൾ മൂന്ന് പേർക്ക് കുത്തേറ്റതായി കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവർ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
