പി പി ചെറിയാൻ
ഹ്യൂസ്റ്റൺ : തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ‘കല 2026’ എന്ന പേരിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. “തൃശൂർ – കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ചിത്രരചന, ഉപന്യാസ രചന (പരമാവധി 500 വാക്കുകൾ), കവിതാരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എഴുത്തു മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വെവ്വേറെയായിരിക്കും നടത്തുന്നത്. മൂന്ന് വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരമാ നടക്കുക. ഗ്രൂപ്പ് 1: 5 മുതൽ 10 വയസ്സ് വരെ, ഗ്രൂപ്പ് 2: 11 മുതൽ 17 വയസ്സ് വരെ, ഗ്രൂപ്പ് 3: 18 വയസ്സും അതിനു മുകളിലുള്ളവരും എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.
ചിത്രരചന: പൂർണ്ണമായും കൈകൊണ്ട് വരച്ച ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡിജിറ്റൽ ആർട്ട്, കൊളാഷ്, കമ്പ്യൂട്ടർ സഹായത്തോടെയുള്ള സൃഷ്ടികൾ എന്നിവ അനുവദനീയമല്ല. ഓരോ പ്രായപരിധിയിലുള്ളവർക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള മാധ്യമങ്ങൾ (Crayons, Oil Pastels, Watercolors etc.) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ക്രിയേറ്റിവിറ്റി, മൗലികത, വിഷയവുമായുള്ള ബന്ധം എന്നിവയുടെ അടി സ്ഥാനത്തിലായിരിക്കും വിധിനിർണ്ണയം.

മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരാൾക്ക് 15 ഡോളർ ആണ് ഫീസ്. ഏപ്രിൽ 25 അർദ്ധരാത്രി വരെയാണ് സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി. ഹ്യൂസ്റ്റണിൽ നടക്കുന്ന തൃശൂർ പൂരം ആഘോഷവേളയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
