ഫ്രെഡറിക്ടൺ : പ്രവിശ്യയുടെ ആരോഗ്യമേഖലയ്ക്ക് ഉണർവേകി, വിദേശ പരിശീലനം ലഭിച്ച നിരവധി ഡോക്ടർമാർ ലൈസൻസിങ് പ്രോഗ്രാം പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചതായി ന്യൂബ്രൺസ്വിക് സർക്കാർ. ഈ മാസം, പ്രാക്ടീസ് റെഡി അസസ്‌മെൻ്റ് ന്യൂബ്രൺസ്വിക് പ്രോഗ്രാം പൂർത്തിയാക്കുന്ന രണ്ടാമത്തെ ബാച്ചാണിത്. ഡോക്ടറുമാരുടെ കഴിവുകളും സന്നദ്ധതയും നിർണ്ണയിക്കുന്നതിനുള്ള 12 ആഴ്ചത്തെ ക്ലിനിക്കൽ ഫീൽഡ് പരിശോധനയാണ് ഈ പ്രോഗ്രാം. ഈ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന ഡോക്ടർമാർ പ്രവിശ്യാ ആരോഗ്യവകുപ്പുമായി മൂന്നുവർഷത്തെ കരാർ ഒപ്പിടും.

10 ഡോക്ടർമാരുടെ ആദ്യ സംഘം മാർച്ചിൽ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയതായി പ്രവിശ്യാ ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർ പ്രവിശ്യയിലുടനീളം പ്രാക്ടീസ് ആരംഭിച്ചതായും അധികൃതർ പറയുന്നു. കൂടാതെ ഈ മാസം അവസാനം രണ്ടാമത്തെ ഗ്രൂപ്പ് പ്രോഗ്രാം പൂർത്തിയാക്കും. ഇതോടെ പ്രവിശ്യാ ആരോഗ്യമേഖലയുടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
