ഓട്ടവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ തങ്ങളുടെ വിവര ശേഖര ണത്തിനായി കാനഡയിലെ മാധ്യമ വാർത്തകളെ വ്യാപകമായി ആശ്രയിക്കുമ്പോഴും വാർത്താ ഉറവിടങ്ങൾക്ക് അർഹമായ അംഗീകാരമോ പ്രതിഫലമോ നൽകുന്നില്ല. മക്ഗിൽ സർവകലാശാലയിലെ സെന്റർ ഫോർ മീഡിയ, ടെക്‌നോളജി ആൻഡ് ഡെമോക്രസി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചാറ്റ് ജി.പി.ടി, ജെമിനി, ക്ലൗഡ്, ഗ്രോക്ക് എന്നീ എ. ഐ ടൂളുകളിൽ കാനഡയിലെ 2,267 വാർത്തകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, 82 ശതമാനം സമയത്തും വിവരങ്ങളുടെ ഉറവിടം വെളിപ്പെടു ത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. AI നൽകുന്ന മറുപടികൾ വായിക്കുന്നതോടെ വായനക്കാർക്ക് യഥാർത്ഥ വാർത്താ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ട ആവശ്യം വരുന്നില്ല എന്നത് മാധ്യമങ്ങളുടെ വരുമാനത്തെയും നിലനിൽപ്പിനെയും ദോഷകരമായി ബാധിക്കുന്നു. കനേഡിയൻ വാർത്താ ഉറവിടങ്ങളുടെ പേര് വെറും 28 ശതമാനം മറുപടികളിൽ മാത്രമാണ് പരാമർശിക്കുന്നത്. വാർത്താ ലിങ്കുകൾ നൽകുന്നുണ്ടെങ്കിലും ആരുടെ പത്രവാർത്തകളാണ് തങ്ങൾ വായിക്കുന്നതെന്ന് വായനക്കാർ അറിയുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാൻഫിൽ നടക്കുന്ന എഐ ആൻഡ് കൾച്ചർ ഉച്ചകോടിയിലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

പകർപ്പവകാശം, ലൈസൻസിംഗ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് സാംസ്‌കാരിക മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന് എഐ മന്ത്രി ഇവാൻ സോളമനും വ്യക്തമാക്കി. പകർപ്പവകാശം ലംഘിച്ചുവെന്ന് ആരോപിച്ച് സിബിസി, ടൊറന്റോ സ്റ്റാർ, ഗ്ലോബ് ആൻഡ് മെയിൽ തുടങ്ങിയ കാനഡയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ചേർന്ന് Open AI-ക്കെതിരെ നിലവിൽ കോടതിയിൽ കേസുകൾ നൽകിയിട്ടുണ്ട്. അനുവാദമില്ലാതെ വാർത്തകൾ വിവരശേഖരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം
