ഓട്ടവ: വസന്തകാലത്തിന്റെ സൗന്ദര്യം വിളിച്ചോതിക്കൊണ്ട് പുതിയ വാർഷിക പുഷ്പ സ്റ്റാമ്പുകൾ പുറത്തിറക്കി കാനഡ പോസ്റ്റ്. കനേഡിയൻ തോട്ടങ്ങളിലും നഗരവീഥികളിലും വർണ്ണവിസ്മയം തീർക്കുന്ന ‘അലങ്കാര ചെറി മരങ്ങളുടെ’ ചിത്രങ്ങളാണ് ഇത്തവണ സ്റ്റാമ്പുകളിൽ ഇടംപിടിച്ചിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കും മറ്റും കാനഡയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്റ്റാമ്പുകളിൽ ഒന്നാണിത്.
സ്റ്റാമ്പുകൾക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. കടും പിങ്ക് നിറത്തിലുള്ള ‘പ്രൂണസ് കാൻസാൻ’, വെള്ള കലർന്ന ഇളം പിങ്ക് നിറത്തിലുള്ള ‘പ്രൂണസ് സോമി-യോഷിനോ’ എന്നീ രണ്ട് തരം ചെറി പൂക്കളാണ് സ്റ്റാമ്പുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
വാൻകൂവറിലെ ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലയിലുള്ള പ്രസിദ്ധമായ ‘നിറ്റോബ് മെമ്മോറിയൽ ഗാർഡനിൽ’ നിന്നും പകർത്തിയ യഥാർത്ഥ ഫോട്ടോഗ്രാഫുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ബ്രെറ്റ് ഹിച്ചിൻസ് പകർത്തിയ ചിത്രങ്ങൾക്ക് ബെലിസ് ക്രിയേറ്റീവ് ആണ് രൂപകൽപ്പന നൽകിയത്. ലോവ്-മാർട്ടിൻ ആണ് സ്റ്റാമ്പുകൾ അച്ചടിച്ചത്. സൗന്ദര്യത്തിന്റെയും ജീവിതത്തിന്റെ ക്ഷണികതയുടെയും പ്രതീകമായാണ് ചെറി പൂക്കൾ കണക്കാക്കപ്പെടുന്നത്.
ജപ്പാനിൽ ‘സകുര’ എന്നറിയപ്പെടുന്ന ഈ പൂക്കൾ ദേശീയ ആഘോഷങ്ങളുടെ ഭാഗമാണ്. കാനഡയിലെ വൻകൂവർ നഗരത്തിൽ വർഷംതോറും വലിയ രീതിയിലുള്ള ചെറി പുഷ്പോത്സവങ്ങൾ നടക്കാറുണ്ട്. 10 സ്റ്റാമ്പുകളുള്ള ബുക്ക്ലെറ്റ്, 50 സ്റ്റാമ്പുകളുടെ കോയിൽ, സുവനീർ ഷീറ്റ് എന്നിവയായാണ് ഇവ ലഭ്യമാകുക. കത്തുകൾ കൈമാറുന്നവർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും ഈ വസന്തകാല ശേഖരം.
