ഓട്ടവ: കാനഡയിലെ കെബെക്കിന് പുറത്തുള്ള പ്രവിശ്യകളിൽ ഫ്രഞ്ച് ഭാഷാ കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ഇമിഗ്രേഷൻ നയം പ്രഖ്യാപിച്ചു. 2024 മുതൽ 2028 വരെയുള്ള അഞ്ച് വർഷത്തെ പദ്ധതിയിലൂടെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനാണ് ഇമിഗ്രേഷൻ വിഭാഗം (IRCC) ലക്ഷ്യമിടുന്നത്. ഓരോ വർഷവും സ്വീകരിക്കുന്ന മൊത്തം കുടിയേറ്റക്കാരിൽ ഫ്രഞ്ച് സംസാരിക്കുന്നവരുടെ ശതമാനം വർദ്ധിപ്പിക്കും. 2026-ൽ ഇത് 9 ശതമാനമായും, 2028 ആകുമ്പോഴേക്കും 10.5 ശതമാനമായും ഉയർത്താനാണ് ലക്ഷ്യം. ഹെൽത്ത് കെയർ, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് പ്രത്യേക മുൻഗണന നൽകും. ‘ഫ്രഞ്ച് കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്’ എന്ന പേരിൽ പുതിയൊരു പ്രോഗ്രാമും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി ഫ്രഞ്ച് സംസാരിക്കുന്നവർക്ക് കാനഡയിലെ ചെറിയ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും എളുപ്പത്തിൽ സ്ഥിരതാമസമാക്കാം. ഇംഗ്ലീഷ് പ്രധാനഭാഷയായ പ്രദേശങ്ങളിൽ ഫ്രഞ്ച് ഭാഷാ സംസ്കാരം നിലനിർത്തുന്നതിനൊപ്പം അവിടങ്ങളിലെ തൊഴിൽ ക്ഷാമം പരിഹരിക്കുക എന്നതും ഈ നയത്തിന്റെ ലക്ഷ്യമാണ്. 1971-ലെ സെൻസസ് പ്രകാരം കെബെക്കിന് പുറത്ത് ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുടെ ജനസംഖ്യാ അനുപാതം 6.1% ആയിരുന്നു. ഇപ്പോൾ അത് 3.5% ആയി കുറഞ്ഞിരിക്കുന്നു. ഈ കുറവ് തടയാനും ഫ്രഞ്ച് ഭാഷാ സമൂഹങ്ങളെ ശക്തിപ്പെടുത്താനും ഇമിഗ്രേഷനിലൂടെ സഹായിക്കുകയാണ് ലക്ഷ്യം.

ഫ്രാങ്കോഫോൺ ഇമിഗ്രേഷനെ IRCC-യുടെ (Immigration, Refugees and Citizenship Canada) സ്ഥിരമായ മുൻഗണനയാക്കി മാറ്റുക, ഫ്രഞ്ച് സംസാരിക്കുന്ന പെർമനന്റ് റെസിഡന്റുകളുടെ (PR) അഡ്മിഷൻ ടാർഗറ്റുകൾ വർഷം തോറും ക്രമാനുഗതമായി വർധിപ്പിക്കുക, പ്രൊമോഷൻ, സെലക്ഷൻ, ഇന്റഗ്രേഷൻ എന്നിവയുൾപ്പെടെ ഇമിഗ്രേഷൻ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഫ്രഞ്ച് ഭാഷാ സമൂഹങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുക, പ്രവിശ്യകൾ, ടെറിട്ടറികൾ, ഫ്രാങ്കോഫോൺ സമൂഹങ്ങൾ, മറ്റ് ഫെഡറൽ ഡിപ്പാർട്ട്മെന്റുകൾ എന്നിവയുമായി സഹകരണം ശക്തിപ്പെടുത്തുക, ഡാറ്റയും ഗവേഷണവും അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുക എന്നിവയാണ് നയത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. അഞ്ചുവർഷത്തെ വിശദമായ പ്ളാൻ പുറത്തിറങ്ങിയതിൽ പ്രധാന നടപടികൾ ഇതാണ്. ഫ്രഞ്ച് ഭാഷാ അപേക്ഷകർക്കായി Express Entry-യിൽ കൂടുതൽ ഇൻവിറ്റേഷനുകൾ, Mobilité Francophone പോലുള്ള താൽക്കാലിക വർക്ക് പെർമിറ്റ് പ്രോഗ്രാമുകൾ മെച്ചപ്പെടുത്തൽ. ഫ്രഞ്ച് ഇന്റഗ്രേഷൻ പാത്ത്‌വേ (French settlement services, language training, job support), Welcoming Francophone Communities Initiative വികസിപ്പിക്കൽ, Sub-Saharan Africa, Asia തുടങ്ങിയ പുതിയ പ്രദേശങ്ങളിൽ പ്രൊമോഷൻ എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

2025-ൽ കെബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്ന പെർമനന്റ് റെസിഡന്റുകളുടെ ടാർഗറ്റ് 8.5% ആയിരുന്നു. പിന്നീട് രാജ്യം 8.9% ലേക്ക് പുരോഗതി പ്രാപിച്ചു. ഏകദേശം 29,500 പേർ. നാലുവർഷമായി ലക്ഷ്യം മറികടന്നിരുന്നു. 2026-ലേക്കുള്ള ടാർഗറ്റ് 9% ആണ്, അതായത് ഏകദേശം 30,000+ പ്രവേശനങ്ങളാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 2028-ഓടെ 10.5% വരെ ഉയർത്താനാണ് പദ്ധതി. 2029-ഓടെ 12% എന്ന ദീർഘകാല ലക്ഷ്യത്തിലേക്കാണ് കാനഡ നീങ്ങുന്നത്.പ്രവിശ്യകൾക്ക് അധികമായി 5,000 PR സ്പേസുകൾ കൂടി നൽകാനും തീരുമാനമായി. Francophone Community Immigration Pilot പോലുള്ള പുതിയ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്. കാനഡയുടെ ഈ നയം ഫ്രഞ്ച് ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനും, ഫ്രാങ്കോഫോൺ സമൂഹങ്ങളുടെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും വലിയ പ്രാധാന്യം നൽകുന്നതാണ്. ഫ്രഞ്ച് ഭാഷാ പരീക്ഷകളായ TEF Canada അല്ലെങ്കിൽ TCF Canada എന്നിവയിൽ നല്ല സ്കോർ നേടുന്നവർക്ക് ‘എക്സ്പ്രസ് എൻട്രി’ (Express Entry) വഴി വളരെ വേഗത്തിൽ പി.ആർ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കുറവാണെങ്കിലും ഫ്രഞ്ച് ഭാഷ അറിയാവുന്നത് കാനഡ കുടിയേറ്റം എളുപ്പമാക്കും. ഈ നയത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരെ കണ്ടെത്താൻ വിപുലമായ പ്രചാരണ പരിപാടികളും കാനഡ ആസൂത്രണം ചെയ്യുന്നുണ്ട്.
