ടെഹ്റാന്: പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാന് അത്യാധുനിക ‘സെജ്ജില്‍’ മിസൈലുകള്‍ വിക്ഷേപിച്ചു. ഫെബ്രുവരി 28-ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന് ഈ മാരക പ്രഹരശേഷിയുള്ള മിസൈല്‍ ഉപയോഗിക്കുന്നത്. ഇറാന് സ്വന്തമായി വികസിപ്പിച്ചെടുത്ത, ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈലാണിത്.

ഏകദേശം 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സെജ്ജില്‍ മിസൈലിന് 700 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഉയര്‍ന്ന ഉയരത്തില്‍ ദിശ മാറ്റി സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ ‘ഡാന്‍സിങ് മിസൈല്‍’ എന്നും ഇത് അറിയപ്പെടുന്നു. ഇസ്രായേലിന്റെ ‘അയണ്‍ ഡോം’ ഉള്‍പ്പെടെയുള്ള അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാന്‍ സെജ്ജിലിന് സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം. 18 മീറ്റര്‍ നീളമുള്ള ഈ മിസൈല്‍ വളരെ വേഗത്തില്‍ വിക്ഷേപണത്തിന് സജ്ജമാക്കാം എന്നത് യുദ്ധസാഹചര്യങ്ങളില്‍ ഇറാന് വലിയ മേല്‍ക്കൈ നല്കുന്നു.
