ടൊറന്റോ: നഗരത്തിലെ ഹൈവേകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഹൈ ഒക്യുപെൻസി വെഹിക്കിൾ (HOV) പാതകളിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങുന്നതായി ഫോർഡ് സർക്കാർ. നിലവിൽ ഡ്രൈവർക്ക് പുറമെ ഒരാൾ കൂടി ഉണ്ടെങ്കിൽ മാത്രം പ്രവേശനമുള്ള ഈ പാതകളിൽ, തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പ്രവേശനം നൽകാനാണ് നീക്കം. ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾക്കുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രി പ്രഭ്‌മീത് സർക്കാരിയ വ്യക്തമാക്കി.
തിരക്ക് കുറഞ്ഞ സമയം ഏതാണെന്ന് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് നിലവിൽ ട്രാഫിക് ഡാറ്റകൾ വിശകലനം ചെയ്തുവരികയാണ്. ഈ വർഷം അവസാനത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ളതും ഭാവിയിൽ നിർമ്മിക്കാനിരിക്കുന്നതുമായ എല്ലാ എച്ച്ഒവി പാതകൾക്കും ഈ മാറ്റം ബാധകമായിരിക്കും. 2022-ലെ കണക്കുകൾ പ്രകാരം ഒന്റാരിയോയിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ 72 ശതമാനവും ഒരാൾ മാത്രമാണ് സഞ്ചരിക്കുന്നത്.

പുതിയ മാറ്റം നടപ്പിലാക്കുന്നതിലൂടെ ഹൈവേകളിലെ ശരാശരി വേഗത വർധിപ്പിക്കാനും യാത്ര സുഗമമാക്കാനും കഴിയുമെന്നാണ് മന്ത്രാലയം വിലയിരുത്തൽ. എന്നാൽ 6.5 മീറ്ററിൽ കൂടുതൽ നീളമുള്ള വാണിജ്യ വാഹനങ്ങൾക്ക് ഈ പാതകളിൽ പ്രവേശനം അനുവദിക്കില്ല. ടോൾ നിരക്കുകളോ മറ്റ് ചാർജുകളോ ഏർപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ടൊറന്റോ മേഖലയിലെ ഗതാഗതക്കുരുക്ക് സാമ്പത്തിക രംഗത്ത് വലിയ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
