ദുബായ്: വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക എഐ റെസ്ക്യൂ റോബോട്ടുകളെ ദുബായ് തീരങ്ങളിൽ വിന്യസിച്ചു. കടലിൽ മുങ്ങിത്താഴുന്നവരെ നിമിഷങ്ങൾക്കകം തിരിച്ചറിയാനും ലൈഫ് ഗാർഡുകളെ വിവരമറിയിക്കാനും ഈ റോബോട്ടുകൾക്ക് സാധിക്കും.
ആധുനിക ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ, അപകടം തിരിച്ചറിഞ്ഞാലുടൻ ലൈഫ് ഗാർഡുകൾക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറും. ജുമൈറ 1, 2, 3, ഉം സുഖീം, അൽ മംസാർ എന്നീ പ്രധാന ബീച്ചുകളിലാണ് ഈ സ്മാർട്ട് റോബോട്ടുകൾ നിലവിൽ പ്രവർത്തിക്കുന്നത്. രാത്രിയിൽ പ്രവർത്തിക്കുന്ന ബീച്ചുകളിലും ഈ എഐ സംവിധാനം കാവലുണ്ടാകും.

ജുമൈറ 1 ബീച്ചിൽ റോബോട്ടുകൾക്ക് പുറമെ സ്മാർട്ട് ലോക്കറുകൾ, അതിവേഗ വൈഫൈ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മനുഷ്യ സഹായത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി ചേരുന്നതോടെ ദുബായിലെ കടൽതീരങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളായി മാറുകയാണ്.
