Tuesday, March 17, 2026

നിഫ്റ്റി 0.50% നേട്ടത്തില്‍, അടിതെറ്റി ഐടി കമ്പനികള്‍; ക്രൂഡ് ഓയില്‍ വില ഉയരുന്നു

മുംബൈ: ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് പിന്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. തുടക്കത്തില്‍ വലിയ ചാഞ്ചാട്ടം പ്രകടമായെങ്കിലും ആദ്യ മണിക്കൂറില്‍ നിഫ്റ്റി 0.50 ശതമാനം ഉയര്‍ന്നു. എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ വിപണിക്ക് വെല്ലുവിളിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും നുവാമയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്നും വിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവുണ്ടാകാമെന്നും ഇവര്‍ വിലയിരുത്തുന്നു.

നിഫ്റ്റി ഐടി സൂചിക ഇന്ന് 2.5 ശതമാനത്തിലധികം ഇടിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഐടി ഓഹരികളെ ബാധിച്ചത്. കോഫോര്‍ജ് ഓഹരികള്‍ ആറ് ശതമാനത്തോളം താഴ്ന്നു. ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് റെഡിംഗ്ടണ്‍ ലിമിറ്റഡിന്റെ ഓഹരിവില അഞ്ച് ശതമാനം ഇടിഞ്ഞു. അതേസമയം, ഏപ്രില്‍ മുതല്‍ വാഹനവില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. മാരുതി, മഹീന്ദ്ര, ഐഷര്‍ തുടങ്ങിയ വാഹന ഓഹരികളും മികച്ച മുന്നേറ്റത്തിലാണ്.

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍ തുടരുകയാണ്. കേരളത്തില്‍ പവന് 880 രൂപ വര്‍ധിച്ച് 1,16,320 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 5030 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി, ഡോളറിനെതിരെ 92.44 എന്ന നിലയിലാണ് നിലവില്‍ വ്യാപാരം. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ഇനത്തിന് 103.19 ഡോളറിലേക്ക് ഉയര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!