Thursday, March 19, 2026

കണ്ണൂരിൽ സുധാകരൻ തന്നെ; പിടിവാശിക്ക് പിന്നാലെ വഴങ്ങി ഹൈക്കമാൻഡ്‌

തിരുവനന്തപുരം: കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ കീഴടങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ്‌ അവസാനവട്ട സൂചനകൾ. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ ഇടപെടലും നിർണായകമായി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കൾ സുധാകരനുമായി സംസാരിച്ചിരുന്നു. കണ്ണൂരിൽ സീറ്റില്ലെന്നും മുൻ മേയറായ ടി.ഒ. മോഹനനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുത്തതായും നേതാക്കൾ അറിയിച്ചു. അതോടെ തനിക്ക് തന്റെ വഴിയെന്നും പാർട്ടിക്ക് പാർട്ടിയുടെ വഴിയെന്നും നേതാക്കളോട് കെ. സുധാകരൻ വ്യക്തമാക്കി. പാർട്ടിയെടുത്ത ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. മുതിർന്ന നേതാക്കൾ വരെ ഇടപെട്ടിട്ടും സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല.

സ്ഥാനാർഥിത്വം നിഷേധിക്കുക മാത്രമല്ല കണ്ണൂരിലെ സ്ഥാനാർഥികളെ തീരുമാനിച്ചതിൽ തന്നോട് അഭിപ്രായം ചോദിച്ചില്ലെന്ന പരിഭവവും അദ്ദേഹത്തിനുണ്ട്. അതിന് പിന്നാലെയാണ് നിർണായകമായ തീരുമാനത്തിലേക്ക് മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ സുധാകരൻ കടന്നതായി വാർത്ത വ്യാപിച്ചത്‌. കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സ്വീകരിക്കാനുള്ള നടപടികൾ സുധാകരൻ ആരംഭിച്ചിരുന്നു. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശിക തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങുകയും ചെയ്തിരുന്നു. കുടിശ്ശിക തീർത്താൽ മാത്രമേ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികൾ ചെയ്യാറുള്ളത്. സുധാകരൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സുപ്രധാനമായ നടപടികളിലേക്ക് കടന്നതിന് പിന്നാലെയാണ് കോൺഗ്രസ് സീറ്റില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!