Friday, March 20, 2026

വിദ്വേഷത്തിന്റെ വിപണി, തീവ്രവാദികൾക്ക് പണമൊഴുക്കാൻ കനേഡിയൻ പ്‌ളാറ്റ്‌ഫോം; അന്വേഷണ റിപ്പോർട്ട് പുറത്ത്

ഓട്ടവ: ഇന്റർനെറ്റിലെ വിദ്വേഷം ഉത്പാദിപ്പിക്കുന്ന ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കാൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെയും വംശീയ മേധാവിത്വവാദികളെയും സഹായിക്കുന്ന കനേഡിയൻ വെബ്സൈറ്റിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ‘എൻട്രോപ്പി’ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്ഫോം വഴി ദശലക്ഷക്കണക്കിന് ഡോളറാണ് ലോകമെമ്പാടുമുള്ള തീവ്രവാദികൾ സമാഹരിക്കുന്നത് എന്നാണ് സൂചന.സി.ബി.സി (CBC) ന്യൂസിന്റെ ഇൻവെസ്റ്റിഗേറ്റീവ് വിഭാഗമായ ‘ദി ഫിഫ്ത് എസ്റ്റേറ്റ്’ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. യൂട്യൂബ്, ട്വിച്ച് തുടങ്ങിയ മുൻനിര പ്ലാറ്റ്ഫോമുകൾ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമ്പോൾ, അങ്ങനെയുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് 2019-ൽ കാൽഗറിയിൽ നിന്നുള്ള മൂന്ന് യുവാക്കൾ എൻട്രോപ്പി സ്ഥാപിച്ചത്.
ഇമ്മാനുവൽ കോൺസ്റ്റാന്റിനിഡിസ്, ഭാര്യ റേച്ചൽ കോൺസ്റ്റാന്റിനിഡിസ്, സുഹൃത്തായ ഡേവിഡ് ബെൽ എന്നിവരാണ് ഇതിന്റെ സ്ഥാപകർ. വിദ്വേഷം നിറഞ്ഞ ലൈവ് സ്ട്രീമുകൾക്കിടയിൽ പ്രേക്ഷകർക്ക് നേരിട്ട് പണം നൽകാൻ ഈ സൈറ്റ് സൗകര്യമൊരുക്കുന്നു. ഇതിൽ നിന്ന് 15 ശതമാനം കമ്മീഷൻ കമ്പനി എടുക്കുന്നു.2021 ആയപ്പോഴേക്കും ഏകദേശം 30 ലക്ഷം ഡോളറിന്റെ (ഏകദേശം 25 കോടി രൂപ) ഇടപാടുകൾ ഈ സൈറ്റ് വഴി നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. അക്രമങ്ങൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ‘ഗോയിം ഡിഫൻസ് ലീഗ്’ (GDL) പോലുള്ള നവ നാസി ഗ്രൂപ്പുകൾ ഈ പ്ലാറ്റ്ഫോമിനെ പ്രധാനമായും ആശ്രയിക്കുന്നു.

നാസി ചിഹ്നങ്ങളും വംശീയ അധിക്ഷേപങ്ങളും ഉപയോഗിച്ചുള്ള ഇവരുടെ ലൈവ് സ്ട്രീമുകൾ വഴി ഓരോ തവണയും ആയിരക്കണക്കിന് ഡോളറാണ് ഇവർ സമാഹരിക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിലെ നാഷ്വില്ലിൽ നടന്ന വംശീയ ആക്രമണങ്ങൾക്കും ജൂത വിരുദ്ധ പ്രചാരണങ്ങൾക്കും എൻട്രോപ്പി വഴി ലഭിച്ച പണം ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു സ്‌കൂൾ ഷൂട്ടറുടെ മാനിഫെസ്റ്റോയിൽ ഈ ഗ്രൂപ്പിന്റെ ലഘുലേഖകൾ കണ്ടെത്തിയത് കാര്യങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. കാനഡയിലെ നിയമനടപടികൾ ഭയന്ന് പ്ലാറ്റ്ഫോമിന്റെ സ്ഥാപകർ 2022-ൽ രാജ്യം വിട്ടു. നിലവിൽ ജോർജിയയിലെ ‘ടിബിലിസി’ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. കാനഡയിൽ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രവർത്തനം വിദേശത്ത് നിന്നാണ്.വിദ്യാഭ്യാസമുള്ള യുവാക്കൾ ഇത്തരത്തിൽ വിദ്വേഷം വിറ്റ് ലാഭമുണ്ടാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത് കാനഡയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!