Saturday, March 21, 2026

ഹാവായില്‍ കനത്ത പ്രളയം: ഡാം തകര്‍ച്ചാ ഭീഷണിയില്‍; 5,500 പേരെ ഒഴിപ്പിച്ചു

ഹോണോലുലു: ഹാവായില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ഹോണോലുലുവിന് വടക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ ആയിരക്കണക്കിന് താമസക്കാരോട് ഒഴിഞ്ഞുപോകാാന്‍ അധികൃതര്‍ ഉത്തരവിട്ടു. 120 വര്‍ഷം പഴക്കമുള്ള വഹിയാവ അണക്കെട്ട് ഏത് നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വടക്കന്‍ ഓഹുവിലെ താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ തകരുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. ഏകദേശം 5,500 ഓളം പേരോടാണ് വീടുകള്‍ വിട്ടുമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ കുട്ടികളടക്കം 72 പേരെ നാഷണല്‍ ഗാര്‍ഡും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷപ്പെടുത്തി. പലയിടങ്ങളിലും റോഡ് സൗകര്യങ്ങള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയാണ് നിലവിലെ ദുരന്തത്തിന് കാരണം. ‘കോണ ലോസ്’ എന്നറിയപ്പെടുന്ന ശീതകാല കൊടുങ്കാറ്റ് സംവിധാനമാണ് ഹാവായില്‍ ഇത്രയും വലിയ മഴയ്ക്ക് കാരണമായത്. ചിലയിടങ്ങളില്‍ 12 ഇഞ്ച് വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി ഹാവായില്‍ അതിശക്തമായ മഴയുടെ ആവൃത്തി വര്‍ദ്ധിച്ചുവരികയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തകര്‍ച്ചാ ഭീഷണിയിലുള്ള വഹിയാവ അണക്കെട്ടിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വര്‍ഷങ്ങളായി ആശങ്ക നിലനില്‍ക്കുന്നുണ്ട്. 1906-ല്‍ നിര്‍മ്മിച്ച ഈ മണ്‍അണക്കെട്ടിന് മുന്‍പും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിലവിലെ പ്രതിസന്ധി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന പ്രവചനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഫ്‌ലഡ് വാച്ച് നിലനിര്‍ത്തിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!