കാൽഗറി: കാനഡയിലെ ഏറ്റവും പഴക്കമേറിയ ദേശീയ ഉദ്യാനമായ ബാൻഫ് നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 45 ലക്ഷം പേരാണ് പാർക്ക് സന്ദർശിച്ചത്. 2023-24 കാലയളവിലെ 42.8 ലക്ഷം എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടക്കപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർധനയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പാർക്കിന്റെ 26-ാമത് വാർഷിക പ്ലാനിങ് ഫോറത്തിൽ സംസാരിക്കവെ ആക്ടിങ് സൂപ്രണ്ട് ഡാനിയേല റൂബെലിങ്ങാണ് ഈ നേട്ടം സ്ഥിരീകരിച്ചത്. കോവിഡ് കാലത്ത് സന്ദർശകരുടെ എണ്ണം 30 ലക്ഷമായി കുറഞ്ഞിരുന്നെങ്കിലും അതിവേഗം പഴയ പ്രതാപത്തിലേക്ക് ബാൻഫ് തിരിച്ചെത്തിയതായും അവർ വ്യക്തമാക്കി.

ജനത്തിരക്ക് വർധിക്കുന്നത് പാർക്ക് അധികൃതർക്കും ബാൻഫ് ടൗണിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരക്ക് കുറയ്ക്കുന്നതിനായി ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് പാർക്സ് കാനഡയും പ്രാദേശിക സംഘടനകളും. ഇതിന്റെ ഭാഗമായി അപ്പർ ഹോട്ട് സ്പ്രിംഗ്സിൽ മൂന്ന് വർഷത്തെ പെയ്ഡ് പാർക്കിംഗ് പൈലറ്റ് പ്രോജക്റ്റ്, ലേക്ക് ലൂയിസ്, മൊറെയ്ൻ ലേക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ഷട്ടിൽ സർവീസുകൾ എന്നിവ നിലവിൽ നടപ്പിലാക്കി വരുന്നുണ്ട്. സന്ദർശകർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ‘റോം ട്രാൻസിറ്റ്’ (Roam transit) സംവിധാനം ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
പ്രദേശത്തെ ഗതാഗത സംവിധാനം സുസ്ഥിരമായി നിലനിർത്തുന്നതിനായി വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഈ വർഷം പുറത്തുവിടുമെന്ന് റൂബെലിങ് അറിയിച്ചു. അതേസമയം, തിരക്ക് നിയന്ത്രിക്കാനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസത്തിൽ ബാൻഫ് മേയർ കോറി ഡിമാന്നോ ആശങ്ക പ്രകടിപ്പിച്ചു.
