ഓട്ടവ: ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമാകുന്നതിനിടെ ഇറാഖിൽ നിന്ന് കനേഡിയൻ സായുധ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള നാറ്റോ ഉദ്യോഗസ്ഥരെ പിൻവലിച്ചു. മേഖലയിൽ ഇറാൻ പ്രതികാര ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തിയുള്ള ഈ അടിയന്തര നീക്കം. ഇറാഖിലെ നാറ്റോ ദൗത്യത്തിന്റെ ഭാഗമായിരുന്ന കനേഡിയൻ സൈനികരും സാധാരണക്കാരും നിലവിൽ സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി അറിയിച്ചു. ഇവരെ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
2018-ൽ ആരംഭിച്ച ഈ ദൗത്യം ഇറാഖ് സേനയ്ക്ക് ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിൽ പരിശീലനവും ഉപദേശവും നൽകാനായിരുന്നു. നേരിട്ടുള്ള യുദ്ധത്തിൽ പങ്കെടുക്കാത്ത വിഭാഗമായിരുന്നു ഇവർ. ഇറാഖിലെ സൈനികരെ ഒഴിപ്പിക്കുന്നതിൽ സഹായിച്ച എല്ലാ സഖ്യകക്ഷികൾക്കും നാറ്റോ സുപ്രീം കമാൻഡർ ജനറൽ അലക്സസ് ഗ്രിൻകെവിച്ച് നന്ദി അറിയിച്ചു.

അതിനിടെ, കുവൈറ്റിലെ കനേഡിയൻ വ്യോമതാവളത്തിന് നേരെ നേരത്തെ നടന്ന ഇറാനിയൻ മിസൈൽ ആക്രമണത്തെക്കുറിച്ച് സർക്കാർ വിവരങ്ങൾ മറച്ചുവെച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. കനേഡിയൻ സൈനികർക്ക് പരിക്കേറ്റിട്ടില്ലെങ്കിലും, ഇത്തരം സുപ്രധാന വിവരങ്ങൾ ജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്നത് ശരിയല്ലെന്ന് കൺസർവേറ്റീവ് പ്രതിരോധ നിരൂപകൻ ജെയിംസ് ബെസാൻ വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും എല്ലാ രാജ്യങ്ങളോടും കാനഡ അഭ്യർത്ഥിച്ചു.
