റെജൈന: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സസ്കാച്വാൻ പ്രവിശ്യയുടെ സമ്പദ്വ്യവസ്ഥ കരുത്തുറ്റതാണെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസി മോർണിങ് സ്റ്റാർ ഡിബിആർഎസിന്റെ (Morningstar DBRS) റിപ്പോർട്ട്. പ്രവിശ്യയുടെ കടബാധ്യത വർധിക്കുന്നുണ്ടെങ്കിലും നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ തക്ക ശേഷി സസ്കാച്വാനുണ്ടെന്ന് ഏജൻസി വിലയിരുത്തി. നിലവിൽ ‘AA’ റേറ്റിങും ‘സ്റ്റേബിൾ’ ട്രെൻഡുമാണ് പ്രവിശ്യ നിലനിർത്തുന്നത്.
മാർച്ച് 18-ന് അവതരിപ്പിച്ച 2026-27 ബജറ്റിൽ 81.9 കോടി ഡോളറിന്റെ കമ്മി രേഖപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ അറ്റകടം 4350 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. എണ്ണ, പൊട്ടാഷ് തുടങ്ങിയ വിഭവങ്ങളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും വ്യാപാര കരാറുകളിലെ അനിശ്ചിതത്വവും വെല്ലുവിളിയാണെങ്കിലും, നികുതി ആനുകൂല്യങ്ങളും ‘പേഷ്യന്റ്സ് ഫസ്റ്റ്’ പദ്ധതിയിലൂടെ ആരോഗ്യ മേഖലയിലുണ്ടായ 5% ഫണ്ട് വർധനയും സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്നുവെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ.

കാനഡ, യു.എസ്, മെക്സിക്കോ വ്യാപാര കരാറുകളെ (CUSMA) ആശ്രയിച്ചായിരിക്കും പ്രവിശ്യയുടെ ഭാവി സാമ്പത്തിക വളർച്ചയെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. ജനസംഖ്യാ വളർച്ചയിലെ കുറവും വ്യാപാര പ്രതിസന്ധികളും നിലനിൽക്കുന്നുണ്ടെങ്കിലും, കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ 2030-31 സാമ്പത്തിക വർഷത്തോടെ ബജറ്റ് കമ്മി പൂർണ്ണമായും നികത്താൻ സാധിക്കുമെന്ന് വിദഗ്ധർ പ്രത്യാശ പ്രകടിപ്പിച്ചു.
