സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി 14-ാമത് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്. വെറുമൊരു ശ്രദ്ധ തിരിക്കൽ എന്നതിലുപരി, ഒരു തലമുറയുടെ തന്നെ സ്വഭാവരീതികളെ മാറ്റുന്ന തരത്തിൽ സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.
വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ മുതിർന്നവരേക്കാൾ കുറഞ്ഞ സന്തോഷമാണ് യുവാക്കൾ രേഖപ്പെടുത്തുന്നത്. ഇത് കാലക്രമേണ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന കൗമാരക്കാർക്ക്, ഒരു മണിക്കൂറിൽ താഴെ ഉപയോഗിക്കുന്നവരേക്കാൾ വിഷാദരോഗം വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

സുഹൃത്തുക്കളുമായി നേരിട്ട് സംസാരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വലിയ കുഴപ്പമില്ല. എന്നാൽ അൽഗോരിതം നൽകുന്ന തരത്തിലുള്ള റീൽസ് , ഷോർട്ട്സ് എന്നിവ കാണുന്നതും മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നതും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
വെറുമൊരു വിനോദം എന്നതിലുപരി സോഷ്യൽ മീഡിയ, പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്ന രീതിയാണ് വില്ലനാകുന്നത്. അവസാനമില്ലാത്ത സ്‌ക്രോളിംഗ്, ലൈക്കുകൾക്കായുള്ള കാത്തിരിപ്പ്. ഇത് ഒരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് ലോകം നേരിടുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. – ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പരിഹാരമുണ്ടോ? എന്ന മാതാപിക്കാളുടെയും സമൂഹത്തിന്റെയും ചോദ്യത്തിന് ഉണ്ടെന്നാണ് ഗവേഷകർ നൽകുന്ന മറുപടി. സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിക്കുന്നതിന് പകരം, ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനും പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിധി നിശ്ചയിക്കുന്നതിനുമുള്ള ചർച്ചകൾ ലോകമെമ്പാടും സജീവമായിട്ടുണ്ട്. കുട്ടികൾ എത്ര സമയം ഓൺലൈനിൽ ഇരിക്കുന്നു എന്നതിനേക്കാൾ, ആ സമയം അവരെ എങ്ങനെ എല്ലാം ബാധിക്കുന്നു എന്നത് തിരിച്ചറിയണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
