Monday, March 23, 2026

ജോലിഭാരവും അതിക്രമങ്ങളും വർധിക്കുന്നു; 28 നഴ്സിങ് തസ്തികകൾ വെട്ടിക്കുറച്ച് UHN

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ഗവേഷണ-അധ്യാപന ആശുപത്രി ശൃംഖലയായ യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്ക് (UHN) 28 രജിസ്റ്റേർഡ് നഴ്സിങ് (RN) തസ്തികകൾ കൂടി വെട്ടിക്കുറച്ചു. വൃക്കരോഗ വിഭാഗത്തിലെ (ഹീമോഡയാലിസിസ് യൂണിറ്റ്) തസ്തികകളാണ് പ്രധാനമായും ഒഴിവാക്കിയത്. രോഗികളുടെ എണ്ണം വർധിക്കുന്നതും നഴ്സുമാർ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദവും ആശുപത്രികളിലെ അതിക്രമങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഒന്റാരിയോ നഴ്സസ് അസോസിയേഷൻ (ONA) അറിയിച്ചു. കാനഡയിൽ ഏറ്റവും കുറഞ്ഞ നഴ്സ്-ജനസംഖ്യാ അനുപാതമുള്ള ഒന്റാരിയോയിൽ തസ്തികകൾ ഇല്ലാതാക്കുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ONA പ്രസിഡന്റ് എറിൻ ആരിസ് വ്യക്തമാക്കി.

ചികിത്സാരംഗത്തെ പുരോഗതി കാരണം ഡയാലിസിസ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് ഈ മാറ്റമെന്ന് യുഎച്ച്എൻ വക്താവ് അന ഫെർണാണ്ടസ് അറിയിച്ചു. ആർപിഎൻ (RPN) വിഭാഗത്തിലുള്ളവർക്ക് കൂടുതൽ ചുമതലകൾ നൽകുമെന്നും രജിസ്റ്റേർഡ് നഴ്സുമാരുടെ സേവനം സങ്കീർണ്ണമായ കേസുകളിൽ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് നടപടിയെന്ന് നഴ്സസ് യൂണിയൻ ആരോപിച്ചു. ഒന്റാരിയോയിൽ 2025 ജനുവരി മുതൽ ഇതുവരെ 700 നഴ്സിങ് തസ്തികകൾ വെട്ടിക്കുറച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബ്രിട്ടിഷ് കൊളംബിയ, നോവസ്കോഷ തുടങ്ങിയ പ്രവിശ്യകൾ നഴ്സുമാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമ്പോൾ ഒന്റാരിറിയോ പിന്നിലാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. നോവസ്കോഷയിൽ നഴ്സിങ് ബിരുദധാരികൾക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലും നോവസ്കോഷയിലും -രോഗി അനുപാതം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം, കാനഡയിലുടനീളം നഴ്സുമാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് വിവിധ പ്രവിശ്യകളിലെ യൂണിയൻ പ്രതിനിധികൾ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!