ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം നടന്നാൽ മാത്രമേ തട്ടിപ്പ് നടന്നിരുന്നോ എന്ന കാര്യം പുറത്തുവരുവെന്നും ജഡ്ജിമാരായ കെ.വി. വിശ്വനാഥൻ, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ബാബു ഷാഹിർ, മകനും നടനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയായിരുന്നു കേസ്. ഇവർക്ക് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി നേരത്തെ പരിഗണിച്ചിരുന്നില്ല.

സിവിൽ തർക്കമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ 40% ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തെ തുടർന്ന് 7 കോടി രൂപ നിക്ഷേപിച്ചതിനു ശേഷം ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്നതാണ് നിർമാതാക്കൾക്കെതിരായ കേസ്.
