വാഷിങ്ടൺ: ഇറാൻ-യു.എസ് സംഘർഷം പരിഹരിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ ഔദ്യോഗികമായി തള്ളി. കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. യു.എസുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തുകയും ചെയ്‌തു. ട്രംപിന്റെ പ്രസ്താവനകളെ വെറും ‘വാചകക്കസർത്ത്’ എന്നും ‘പിന്മാറ്റം’ എന്നുമാണ് ഇറാൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് അഞ്ച് ദിവസത്തേക്ക് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കയുടെ പരാജയമാണെന്നാണ് ഇറാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്. യു.എസ് ആക്രമണം നടത്തിയാൽ മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും ഊർജ്ജ സംവിധാനങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അമേരിക്കയെ ഭയപ്പെടുത്തിയെന്നാണ് ഇറാന്റെ വിലയിരുത്തൽ.

ട്രംപിന്റെ നയതന്ത്രം വെറുമൊരു പിന്മാറ്റം മാത്രമാണെന്നാണ് ടെഹ്‌റാൻ ടൈംസ് പരിഹസിച്ചത്. അമേരിക്കൻ സാമ്പത്തിക മേഖലയിലെ തകർച്ചയും ഇറാന്റെ തിരിച്ചടിയും ഭയന്നാണ് ട്രംപ് പിന്നോട്ട് പോയതെന്ന് ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായി വ്യക്തമാക്കി. നിലവിൽ അഞ്ച് ദിവസത്തെ സാവകാശമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ചർച്ചകൾ നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്. കാബൂളിലെ ഇറാൻ എംബസി അതേ സമയം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തി. ഇറാന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ ട്രംപ് പിന്മാറി എന്ന തലക്കെട്ടോടെയായിരുന്നു എംബസിയുടെ പ്രതികരണം. ഹോർമുസ് കടലിടുക്കിലെ സൈനിക സാന്നിധ്യത്തെക്കുറിച്ചും ട്രംപ് പുനർചിന്തനം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
