Tuesday, March 24, 2026

യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചു, പരിശോധിച്ചുവരികയാണെന്ന് ഇറാൻ; സംഘർഷത്തിൽ മധ്യസ്ഥരുടെ ഇടപെടൽ

ടെഹ്റാൻ: ഇറാനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദത്തിന് പിന്നാലെ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരുന്നതായും റിപ്പോർട്ടുകളുണ്ട്.

മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു.

യുഎസും ഇറാനും തമ്മിൽ സന്ദേശങ്ങൾ കൈമാറിയോ എന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കാൻ വിസമ്മതിച്ചെങ്കിലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ, സൗദി അറേബ്യ, പാക്കിസ്ഥാൻ, ഈജിപ്ത്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെയും യുഎസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയതായി തുർക്കി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനുമായി സന്ദേശങ്ങൾ കൈമാറിയതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ ഓഫീസും അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!