വാഷിങ്ടൺ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചർച്ചകൾക്ക് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, മേഖലയിലെ പുതിയ സൈനിക സന്നാഹം വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.
അമേരിക്കൻ സൈന്യത്തിലെ ഏറ്റവും കരുത്തരായ ’82-ാം എയർബോൺ ഡിവിഷനിൽ’ നിന്നുള്ള സൈനികരെയാണ് വിന്യസിക്കുന്നത്. നിലവിൽ നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിലുള്ള ഇവരെ ഉടൻ പശ്ചിമേഷ്യയിലേക്ക് മാറ്റിയേക്കും. സൈനികരെ എവിടെയാണ് വിന്യസിക്കുകയെന്നോ എന്ന് എത്തിച്ചേരുമെന്നോ ഉള്ള വിവരങ്ങൾ അമേരിക്കൻ ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ഇറാൻ്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ അഞ്ച് ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വലിയൊരു ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങളും സൈനികരെയും ഇസ്രയേലിൽ എത്തിക്കാനുള്ള തന്ത്രമാണെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് മറീനുകളെയും നാവികരെയും വഹിച്ചുകൊണ്ട് ‘യുഎസ്എസ് ബോക്സർ’ എന്ന യുദ്ധക്കപ്പൽ മേഖലയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സൈനിക വിന്യാസം. നിലവിൽ ഇറാനിലേക്ക് നേരിട്ട് സൈനിക നീക്കം നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന വലിയൊരു സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പായാണ് ലോകം ഇതിനെ നോക്കിക്കാണുന്നത്.
