വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇസ്രയേൽ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ഇതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ഏതേനും മണിക്കൂറുകൾക്ക് മുന്നെ കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി.
അഗ്നിശമന സേന ഉടൻ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. സൗദി അറേബ്യക്ക് നേരെ വന്ന മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സേന തകർത്തു. ഇസ്രയേലിൽ പലയിടത്തും അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

യുദ്ധം അവസാനിപ്പിക്കാനായി ഡൊണാൾഡ് ട്രംപ് 15 നിർദ്ദേശങ്ങളടങ്ങിയ സമാധാന പദ്ധതി ഇറാനു മുൻപിൽ വെച്ചതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ വഴിയാണ് ഈ സന്ദേശം കൈമാറിയത്. ചർച്ചകൾക്കായി ഒരു മാസത്തെ വെടിനിർത്തലും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചർച്ച നടന്നെന്ന വാർത്ത ഇറാൻ ഔദ്യോഗികമായി തള്ളി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മിടുക്കരായ ’82-ാം എയർബോൺ ഡിവിഷനെ’ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയക്കും. ഏത് ശത്രുമേഖലയിലും മിന്നൽവേഗത്തിൽ പാരച്യൂട്ട് വഴി ഇറങ്ങി താവളങ്ങൾ പിടിച്ചെടുക്കാൻ പരിശീലനം ലഭിച്ചവരാണിവർ എന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്.
സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് പഴയ വില ബാരലിന് 103 ഡോളറിന് മുകളിൽ ആണെങ്കിൽ പുതിയ പുതിയ വില ബാരലിന് 98.28 ഡോളർ ആണ്. അതാത് ഇടിവ് 6ശതമാനം. അമേരിക്കയുമായി ചർച്ചകൾ നടക്കുന്നു എന്നത് വെറും വ്യാജവാർത്തയാണെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പ്രതികരിച്ചത്. ഓഹരി വിപണിയെയും എണ്ണവിലയെയും സ്വാധീനിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
