ഹാലിഫാക്സ് : കഴിഞ്ഞ വർഷം നേരിട്ട സൈബർ ആക്രമണം ഒമ്പത് ലക്ഷത്തിലധികം നിലവിലുള്ളതും മുൻകാല ഉപയോക്താക്കളെ ബാധിച്ചതായി നോവസ്കോഷ പവർ റിപ്പോർട്ട് ചെയ്തു. ഹാക്കർമാർ ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ഡ്രൈവിങ് ലൈസൻസ് നമ്പറുകൾ എന്നിവ ചോർത്തിയിരുന്നു. 2025 മാർച്ച് 19-നോ അതിനടുത്ത ദിവസങ്ങളിലോ നടന്ന സൈബർ ആക്രമണത്തിൽ ഏകദേശം 375,000 നിലവിലുള്ളതും 540,000 മുൻ ഉപയോക്താക്കളുടെയും വ്യക്തിഗതവിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

എന്നാൽ, ഏപ്രിൽ 25-നാണ് നോവസ്കോഷ പവർ സൈബർ ആക്രമണം കണ്ടെത്തിയത്. പക്ഷേ ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ അടക്കം ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്തതിന്റെ ലിങ്ക് അടക്കമുള്ള ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മെയ് ആദ്യവാരമാണ് സൈബർ ആക്രമണത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകിയത്. ഉപഭോക്തൃ വിവരങ്ങൾ ലഭിച്ചതിന് തെളിവ് ഹാക്കർമാർ നൽകിയെങ്കിലും ഈ സെൻസിറ്റീവ് ഡാറ്റ പരസ്യമാക്കുകയോ വിൽക്കുകയോ ചെയ്തതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. സൈബർ ആക്രമണത്തെക്കുറിച്ച് ആർസിഎംപി, കനേഡിയൻ സെക്യൂരിറ്റി ഇന്‍റലിജൻസ് സർവീസ്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവരെ വിവരം അറിയിക്കുകയും ഈ ദേശീയ അന്വേഷണ ഏജൻസികളുടെ നിർദ്ദേശപ്രകാരം ഹാക്കർമാർ ആവശ്യപ്പെട്ട മോചനദ്രവ്യം നൽകിയിട്ടില്ലെന്നും നോവസ്കോഷ പവർ വ്യക്തമാക്കി. ഉപയോക്താക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച കാനഡയിലെ പ്രൈവസി കമ്മീഷണറുടെ ഓഫീസ്, ഒക്ടോബർ 31-നകം യൂട്ടിലിറ്റിയുടെ വിവരസാങ്കേതികവിദ്യ മെച്ചപ്പെടുത്തണമെന്നും സുരക്ഷാ സംവിധാനത്തെക്കുറിച്ച് പരിശോധിക്കണമെന്നും നോവസ്കോഷ പവറിനോട് നിർദ്ദേശിച്ചിരുന്നു.
