എഡ്മിന്റൻ : ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) എംഎൽഎമാർക്കെതിരെയുള്ള എല്ലാ റീകോൾ ഹർജികളും പരാജയപ്പെട്ടു. നിയമപരമായ പരിധിക്കുള്ളിൽ ആവശ്യമായ ഒപ്പുകൾ ശേഖരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണിത്. അവസാനത്തെ നാല് റീകോൾ ഹർജികളും പരാജയപ്പെട്ടതായി ഇലക്ഷൻസ് ആൽബർട്ട സ്ഥിരീകരിച്ചു.

റീകോൾ ആക്ട് പ്രകാരം ഒപ്പുശേഖരണ കാലയളവ് അവസാനിച്ചപ്പോൾ ശേഷിക്കുന്ന നാല് ഹർജികൾ കൂടി പരാജയപ്പെട്ടതായി ആൽബർട്ട ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ അറിയിച്ചു. കാൽഗറി-ക്രോസ് റൈഡിങ്ങിൽ നിന്നുള്ള നീതിന്യായ മന്ത്രി മിക്കി അമേരി, ജസ്റ്റിൻ റൈറ്റ് (സൈപ്രസ്–മെഡിസിൻ ഹാറ്റ്), ജാക്കി ആംസ്ട്രോങ്–ഹോമിനിയുക്ക് (ഫോർട്ട് സസ്കാച്വാൻ–വെഗ്രെവിൽ), റോൺ വീബെ (ഗ്രാൻഡെ പ്രൈറി-വാപിറ്റി) എന്നിവരെ തിരിച്ചുവിളിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. സമയപരിധിക്ക് മുമ്പ് മതിയായ ഒപ്പുകൾ ശേഖരിക്കുന്നതിൽ ഓരോ കാമ്പെയ്നും പരാജയപ്പെട്ടതായും ഗോർഡൻ മക്ലൂർ പറഞ്ഞു.
എഡ്മിന്റൻ–ബെവർലി–ക്ലാരെവ്യൂ എൻഡിപി എംഎൽഎ പെഗ്ഗി റൈറ്റിനെതിരെയുള്ള റീകോൾ ഹർജി സമയപരിധി അവസാനിച്ചതിന് ശേഷം സംഘാടകർ സമർപ്പിച്ചതിനാൽ അസാധുവായി. അതേസമയം എയർഡ്രി എംഎൽഎയും പ്രോഗ്രസീവ് ടോറി പാർട്ടി നേതാവുമായ പീറ്റർ ഗുത്രിയെയും എഡ്മിന്റൻ എൻഡിപി എംഎൽഎ മേരി റെനോഡിനെയും ലക്ഷ്യമിട്ട് രണ്ട് റീകോൾ ഹർജികൾ സജീവമായി തുടരുന്നു.

കഴിഞ്ഞ വർഷം അവസാനം മുതൽ പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് കോക്കസിലെ ഇരുപതിലധികം എംഎൽഎ-മാർക്കെതിരെയും രണ്ട് പ്രതിപക്ഷ അംഗങ്ങൾക്കെതിരെയും റീകോൾ പെറ്റീഷനുകൾ ആരംഭിച്ചു. റീകോൾ പെറ്റീഷനുകൾ വിജയിക്കണമെങ്കിൽ, ഹർജിക്കാർക്ക് അടുത്ത 90 ദിവസത്തിനുള്ളിൽ അതത് റൈഡിങ്ങുകളിലെ അവസാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കണം. ഒപ്പുകൾ ശേഖരിച്ച് കഴിഞ്ഞാൽ, എംഎൽഎയെ സ്ഥാനത്ത് നിലനിർത്തണോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പിൽ എംഎൽഎ തോറ്റാൽ ഉപതിരഞ്ഞെടുപ്പ് നടക്കും.
