കാന്‍ബറ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന സൈനിക ആക്രമണങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുന്ന ഒരു ‘സാമ്പത്തിക ദുരന്ത’മാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ തന്നെ അതിന്റെ ആഘാതം ആഗോളതലത്തില്‍ പ്രകടമാണെന്നും, പ്രശ്‌നത്തിന് എത്രയും വേഗം ഒരു നയതന്ത്ര പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സംഘര്‍ഷത്തില്‍ ജര്‍മ്മനിക്ക് യാതൊരു പങ്കുമില്ലെന്നും, തുടക്കം മുതല്‍ ഈ കാര്യത്തില്‍ തങ്ങളോട് ആരും ആലോചിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ജര്‍മ്മനിയുടെ യുദ്ധമല്ലെന്നും അതുകൊണ്ടുതന്നെ ഇതിലേക്ക് വലിച്ചിഴക്കപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മേഖലയിലെ കൊലപാതകങ്ങളും വെടിവെപ്പും അവസാനിപ്പിക്കാന്‍ അമേരിക്കയോടും ഇറാനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മേഖലയില്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കുചേരാന്‍ ജര്‍മ്മനി തയ്യാറാണെന്ന് പിസ്റ്റോറിയസ് അറിയിച്ചു. എന്നാല്‍ അതിനുള്ള സമയം ഇപ്പോഴായിട്ടില്ലെന്നും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനാണ് ജര്‍മ്മനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
